ട്രാക്ടര്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി. 83 പൊലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരുക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരു പൊലീസുകാരന്റെ നില ഗുരുതരമാണ്. പൊലീസുകാരില്‍ ഭൂരിഭാഗത്തെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരക്കാരില്‍ ചിലര്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ഓടിച്ചതിലും നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു.

അതേസമയം, കര്‍ഷകരുടെ ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന നിര്‍ദ്ദേശം പുതിയ സാഹചര്യത്തിലും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു.