വാഷിങ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അമേരിക്കന്‍ സൈന്യത്തില്‍ ചേരാനുള്ള വിലക്ക് നീക്കി പ്രസിഡന്‍റ് ജോ ബൈഡന്‍. 2017ല്‍ പ്രസിഡന്‍റായി അധികാരമേറ്റ ഉടന്‍ ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന വിലക്കാണ് ബൈഡന്‍ റദ്ദാക്കിയത്.

സൈനിക സേവനത്തിന് ലിംഗ വ്യത്യാസം തടസമാകരുതെന്ന് വിശ്വസിക്കുന്നതായും എല്ലാവരെയും ഉള്‍കൊള്ളുമ്ബോഴാണ് അമേരിക്ക കൂടുതല്‍ കരുത്താര്‍ജിക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.

യോഗ്യതയുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരെയും രാജ്യത്തെ സേവിക്കാന്‍ പ്രാപ്തരാക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുള്ള വിലക്ക് നീക്കിയ നടപടിയെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എ.സി.‌എല്‍‌.യു) സ്വാഗതം ചെയ്തു. ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ അവിശ്വസനീയമായ വിജയമാണിതെന്ന് എ.സി.‌എല്‍‌.യു ട്വീറ്റ് ചെയ്തു.