കളമശേരിയിൽ പതിനേഴുകാരനെ മർദിച്ച സംഘത്തിലെ ആത്മഹത്യ ചെയ്ത കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ നിഖിൽ പോളിനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് മർദ്ദിച്ചതിലുള്ള വിഷമത്താലാണ് ആത്മഹത്യയെന്ന് മരിച്ച കുട്ടിയുടെ ബന്ധുക്കളും കേസ് അട്ടിമറിക്കാൻ ശ്രമക്കുന്നുവെന്ന് മർദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു. സംഭവത്തിൽ കൊച്ചി ഡസി പി ഐശ്വര്യ ഡോംഗ്‌റേ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇതിനിടെ മർദ്ദനമേറ്റ് ആലുവ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്കെതിരെ മകളെ ശല്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഏഴംഗ സംഘത്തിലെ ഒരാളുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

17കാരനെ മർദ്ദിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് മരിച്ച നിഖിൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കേസിൽ ആകെയുള്ള ഏഴ് പ്രതികളിൽ ആറ് പേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ജുവനൈൽ ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു. സംഘത്തിലെ മുതിർന്ന അംഗമായ അഖിൽ വർഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.