കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കിയേക്കും. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാംഘട്ടം. സംസ്ഥാനം സമര്‍പ്പിച്ച രണ്ടാംഘട്ടപദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

2018 ല്‍ പുതുക്കിയ മെട്രോ നയം അനുസരിച്ചുള്ള പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുമതി അനന്തമായി വൈകി. 10 ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രം മെട്രോ അനുവദിച്ചാല്‍ മതിയെന്നാണ് പുതുക്കിയ കേന്ദ്ര നയം. എന്നാല്‍ നിലവിലുള്ള മെട്രോ വിപുലീകരണമാണ് പദ്ധതിയെന്ന് സംസ്ഥാനം നിലപാടെടുത്തു. 11.2 കിലോമിറ്റര്‍ ദൂരത്തില്‍ 11 സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 6.97 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. രണ്ടാംഘട്ടത്തില്‍ കെഎംആര്‍എല്‍ ഒറ്റയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

2019-20 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് കൊച്ചി മെട്രോയുടെ വാര്‍ഷിക നഷ്ടം 310 കോടി രൂപയാണ്. വിശാല മെട്രോ സാധ്യമാകുന്നതോടെ വരുമാനം വര്‍ധിപ്പിച്ച് നഷ്ടം കുറയ്ക്കാനാകുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്. ഫീഡര്‍ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരം ഒരുങ്ങുമെന്നും കെഎംആര്‍എല്‍ കരുതുന്നു.