ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്തിന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം ഇന്ത്യൻ നായകൻ വിരാട് കോലിയുടേതെന്ന് ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനുമൊത്തുള്ള യൂട്യൂബ് ടോക്കിലാണ് വിക്രം റാത്തോർ ഇക്കാര്യം വെളിപ്പെടുത്തിയത്.

“അത് എൻ്റെ തീരുമാനം ആയിരുന്നില്ല. അതിൽ എനിക്ക് ക്രെഡിറ്റ് എടുക്കാൻ കഴിയില്ല. അഡലെയ്ഡ് തോൽവിക്ക് പിന്നാലെയാണ് എല്ലാം തുടങ്ങിയത്. വിരാട് പോകുന്നതിനു മുൻപ് തന്നെ ചർച്ച തുടങ്ങിയിരുന്നു. കോലിയാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. പന്തിനെയും ജഡേജയെയും കളിപ്പിക്കുകയാണെങ്കിൽ പന്തിനെ അഞ്ചാം നമ്പറിലിറക്കി ലെഫ്റ്റ് ഹാൻഡ്-റൈറ്റ് ഹാൻഡ് കോമ്പിനേഷൻ പരീക്ഷിക്കുന്നത് നന്നാവുമെന്ന് കോലി പറഞ്ഞു. പക്ഷേ, വേഗം വിക്കറ്റ് നഷ്ടമായാൽ പന്തിനെ ഇറക്കേണ്ടതുണ്ടോ എന്നും ഞങ്ങൾ ചർച്ച ചെയ്തു. അങ്ങനെ അദ്ദേഹത്തെ ആറാം നമ്പറിൽ ഇറക്കാൻ തീരുമാനിച്ചു. പക്ഷേ, സിഡ്നി രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെട്ടാലും അദ്ദേഹത്തെ അഞ്ചാം നമ്പറിൽ ഇറക്കാമെന്ന് ഞാൻ പറഞ്ഞു. നമ്മൾ റൺസിനു ശ്രമിക്കുകയായിരുന്നു.”- റാത്തോർ പറഞ്ഞു.

 

ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് ഓൾഔട്ടായി നാണം കെട്ട് പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുൻനിര ബൗളർമാരൊക്കെ പരുക്കേറ്റ് പുറത്തായപ്പോൾ റിസർവ് താരങ്ങളും നെറ്റ് ബൗളർമാരും വരെ ഇന്ത്യക്കായി അരങ്ങേറി. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റൻ വിരാട് കോലി പറ്റേണിറ്റി അവധിയിൽ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. എന്നാൽ, സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കീഴിൽ പിന്നീട് ഇന്ത്യ നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു. അഡലെയ്ഡ് ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ സിഡ്നി ടെസ്റ്റിൽ വീരോചിത സമനില പിടിച്ചു. 32 വർഷമായി ഓസ്ട്രേലിയ തോൽവി അറിഞ്ഞിട്ടില്ലാത്ത ഗാബയിൽ അവരെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്. ഗാബയിലെ രണ്ടാം ഇന്നിംഗ്സിൽ 89 റൺസെടുത്ത് പുറത്താവാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യക്ക് ഐതിഹാസിക ജയം സമ്മാനിച്ചത്.