രാജ്യം ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ല്‍ നിന്ന് 96 ആയും കുറച്ചിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്ന്. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതി മുഴക്കി 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് മാര്‍ച്ച് ചെയ്യുക. കേരളത്തിന്റെ ഫ്ളോട്ട് ഇത്തവണ പരേഡില്‍ പങ്കെടുക്കുന്നുണ്ട്. കയര്‍ മേഖലയേക്കുറിച്ചുള്ള കോയര്‍ ഒഫ് കേരള രൂപശില്‍പമാണ് ഇത്തവണ കേരളം ഒരുക്കുന്നത്.