തെരഞ്ഞെടുപ്പിനു മുന്നോടിയായി ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ രണ്ടരലക്ഷം വീടുകളുടെ പ്രഖ്യാപനം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഗ്രാമതലങ്ങളിലുള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സംഘാടക സമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ബോര്‍ഡുകളും ബാനറുകളും തയാറാക്കി പ്രദര്‍ശിപ്പിക്കണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ലൈഫ് മിഷനും തുക ചെലവഴിക്കുന്നതിനു യഥേഷ്ടാനുമതി നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സര്‍ക്കുലര്‍ ഇറക്കി.

സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതിയിലെ രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്ന പ്രഖ്യാപനം ആഘോഷമായി നടത്താനാണ് തീരുമാനം. ജനുവരി അവസാനം മുഖ്യമന്ത്രിയാണ് ഓണ്‍ലൈന്‍ വഴി പ്രഖ്യാപനം നടത്തുക. ഇതിനൊപ്പം ഗ്രാമ, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തില്‍ ജനപ്രതിനിധികളേയും ഗുണഭോക്താക്കളേയും ഉള്‍പ്പെടുത്തി പരിപാടികള്‍ സംഘടിപ്പിക്കണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എല്ലാവര്‍ക്കും കാണാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണം.