ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,203 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,67,736 ആയി ഉയര്‍ന്നു. 1,84,182 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കേരളത്തിലാണ് ഇന്നലെയും ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 6036 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ത്യയില്‍ 13,298 പേര്‍കൂടി രോഗമുക്തരായി. 24 മണിക്കൂറിനിടെ 131 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 1,03,30,084 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ മരണസംഖ്യ 1,53,470 ആണ്.

കേരളത്തില്‍ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് പുതിയതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3607 ആയി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വാക്സിന്‍ വിതരണം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച വരെ 16 ലക്ഷത്തിലധികം പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ചയാണ് വാക്സിന്‍ വിതരണം ഇന്ത്യയില്‍ ആരംഭിച്ചത്.