സിബിഐയിൽ സർക്കാരിൻ്റേത് ഇരട്ടത്താപ്പ് നയമാണെന്ന് യൂത്ത് കോണ്ഗ്രസ്. ലൈഫ് മിഷൻ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് എതിരെ പോകുന്ന സർക്കാർ സോളാർ കേസിൽ സിബിഐ അന്വേഷണത്തെ അനുകൂലിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. പല കേസുകളിലും സിബിഐ അന്വേഷണത്തെ അട്ടിമറിക്കാൻ പൊതു ഖജനാവിൽ നിന്ന് ചെലവഴിച്ച പണം സിപിഐഎം തിരിച്ചടയ്ക്കണം. ഒരുപാട് അമ്മമാരുടെ കണ്ണീരിൽ കനിവ് തോന്നാത്ത സർക്കാരിന് ഒരു തട്ടിപ്പുക്കാരിയുടെ കത്തിൽ കനിവ് തോന്നിയതെങ്ങനെയെന്നു വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ പ്രതിരോധമാണ് യുഡിഎഫും കോൺഗ്രസും ഉയർത്തുന്നത് ഏത് ഏജൻസി അന്വേഷണം നടത്തിയാലും ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും സർക്കാരിനെതിരെ ആഞ്ഞടിച്ചു. സോളാർ കേസിൽ ഇതുവരെ നടപടി എടുക്കാതിരുന്നത് സർക്കാരിന്റെ കഴിവില്ലായ്മയാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിമർശനം. നീക്കം ഇടതു സർക്കാരിന് തിരിച്ചടിയാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

അതേസമയം, ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷൻ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോൾ പരിഗണിയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി. കേസിൽ സി.ബി.ഐയ്ക്കും അനിൽ അക്കരെ എം.എൽ.എ യ്ക്കും സുപ്രിം കോടതി നോട്ടിസ് അയച്ചു.