അതിക്രമിച്ച് കടക്കാനുള്ള ചൈനിസ് ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സേന. സിക്കിമിലെ നാഥു-ലായില്‍ ഇതെ തുടര്‍ന്ന് ഇരു സേനകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇരുപത് ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും സംഭവത്തില്‍ പരുക്കേറ്റു. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് വിവരം. നാഥുലയില്‍ ഇന്ത്യന്‍ മേഖലയിലേക്ക് പ്രവേശിക്കാനുള്ള ചൈനിസ് സൈനികരുടെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുക്കുകയായിരുന്നു.

ചൈനയുടെ ഒരു പട്രോള്‍ സംഘം അവിചാരിതമായി നിയന്ത്രണ രേഖ മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ചൈനിസ് സേന തുടങ്ങിയതോടെ ഇന്ത്യന്‍ സൈനികര്‍ ഇത് തടഞ്ഞു. ചൈനിസ് സൈനികരുടെ കടന്നുകയറ്റം ഫലപ്രദമായ് തടയാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് ഇപ്പോള്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലും സമാനമായ വിധത്തില്‍ ഇവിടെ ചൈനിസ് സൈന്യം കടന്നുകയറാന്‍ ശ്രമിച്ചിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 19,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് നാഥുല. അതേസമയം, അതിര്‍ത്തിയിലെ പിന്മാറ്റത്തിന് സമയബന്ധിതവും പ്രായോഗികവുമായ റോഡ് മാപ്പ് വേണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എതാണ്ട് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ നടന്ന ഒന്‍പതാം ഘട്ട ചര്‍ച്ചയിലാണ് ഇന്ത്യയുടെ നിര്‍ദ്ദേശം. നിയന്ത്രണ രേഖയുടെ തത്സ്ഥിതി മാറ്റാനുള്ള നീക്കങ്ങളില്‍ നിന്ന് ചൈന പിന്മാറണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു. അടുത്തമാസം വീണ്ടും 10 ാം വട്ട സൈനിക തല ചര്‍ച്ചനടക്കും.