ടെല്‍അവീവ്: യുഎഇയുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയതിനുപിന്നാലെ അബുദാബിയില്‍ എംബസി തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇരുരാജ്യങ്ങളും സമ്ബൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ച്‌ മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേസമയം ടെല്‍ അവീവില്‍ ഇസ്രായേലിനായി എംബസി തുറക്കാനുള്ള തീരുമാനത്തിന് യുഎഇ മന്ത്രിസഭ ഇന്നലെയാണ് അംഗീകാരം നല്‍കിയത്. ഇതിനായി ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയായി തുര്‍ക്കിയിലെ മുന്‍ അംബാസിഡര്‍ ഈദാന്‍ നൂഹിനെ നേരത്തെ തന്നെ യുഎഇയില്‍ നിയമിച്ചിരുന്നു. പുതിയ എംബസി എല്ലാ മേഖലകളിലെയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും സാമ്ബത്തിക സ്ഥാപനങ്ങള്‍‍, സ്വകാര്യ മേഖല, അക്കാദമി, മാധ്യമങ്ങള്‍ എന്നിവയുമായുള്ള ബന്ധം വിപുലമാക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം സ്ഥിരമായ ഒന്ന് കണ്ടെത്തുന്നതുവരെ എംബസി ഒരു താല്‍ക്കാലിക ഘടനയിലാണ്.

എന്നാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളുമായി നടത്തിയ സമാധാന ചര്‍ച്ചയ്ക്കു ശേഷമാണ്, അബ്രഹാം കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് ഇരു രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അതേസമയം ഗള്‍ഫിലെ സമാധാന, സാധാരണവല്‍ക്കരണ കരാറുകള്‍ നടപ്പാക്കുന്നതിനും ഇസ്രയേലിന്റെ അന്തര്‍ദേശീയ നിലവാരം ഉയര്‍ത്തുന്നതിനും മന്ത്രാലയം നേതൃത്വം നല്‍കുന്നുണ്ടെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി പറഞ്ഞു. ‘എംബസി തുറക്കുന്നതിലൂടെ ഇസ്രായേലും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കാ, ആ ബന്ധങ്ങളിലെ സാധ്യതകളെ പരമാവധി വേഗത്തിലും സാക്ഷാത്കരിക്കാന്‍ അനുവദിക്കും,’ എന്നും അഷ്‌കെനാസി പറഞ്ഞു. ‘അബുദാബിയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനും എന്റെ സുഹൃത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദിനും ഞങ്ങളുടെ പ്രതിനിധികളോടുള്ള നേതൃത്വത്തിനും ആതിഥ്യമര്യാദയ്ക്കും ഞാന്‍ നന്ദി പറയുന്നു,’ എന്നും അഷ്‌കെനാസി കൂട്ടിച്ചേര്‍ത്തു.