എന്‍ഡിഎ മുന്നണി സീറ്റ് വിഭജന ചര്‍ച്ച ഈ ആഴ്ച്ച ആരംഭിച്ചേക്കും. 140 നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ 40 മണ്ഡലങ്ങളിലാവും ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഘടകകക്ഷിളായ ബിഡിജെഎസ് 32 സീറ്റുകളും, കേരള കാമരാജ് കോണ്‍ഗ്രസ് ആറ് സീറ്റും ആവശ്യപ്പെടും.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ കേരളത്തിലെത്തുന്ന മുറയ്ക്ക് തന്നെ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാനാണ് എന്‍ഡിഎ ക്യാമ്പിന്റെ ആലോചന. 140 മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് നേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍ ഏറെ സ്വാധീനമുള്ള, വോട്ട് ശതമാനമുള്ള 40 മണ്ഡലങ്ങള്‍ കണ്ടെത്തി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചു. തിരുവന്തപുരത്താണ് സംസ്ഥാന നേതാക്കളിലധികവും രംഗത്തിറങ്ങുന്നത്.

മുന്നണിയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ് കഴിഞ്ഞ തവണ ചോദിച്ച 32 സീറ്റുകള്‍ തന്നെ ഇത്തവണയും ചോദിക്കാനാണ് ആലോചന. തിരുവനന്തപുരം ജില്ലയില്‍ കോവളം, വാമനപുരം, വര്‍ക്കല സീറ്റുകളാവും ബിഡിജെഎസ് ചോദിക്കുക. പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ ഈ ആഴ്ച്ച ചേര്‍ന്ന് സീറ്റുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കും. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സര രംഗത്തേക്കില്ലെന്നാണ് സൂചന. എന്നാല്‍ അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലിന് ശേഷമാകും.

വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസാകട്ടെ തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി ജില്ലകളിലായിആറ് സീറ്റിനുള്ള അവകാശവാദം ഉന്നയിക്കും.തിരുവനന്തപുരത്ത്, നെയ്യാറ്റിന്‍കര, കോവളം, കോഴിക്കോട് ജില്ലയില്‍, വടകര, പേരാമ്പ്ര, ഇടുക്കിയില്‍ പീരുമേടും പിന്നെ കൊല്ലത്ത് ഒരു സീറ്റുമാണ് കാമരാജ് കോണ്‍ഗ്രസ് മത്സരിക്കാന്‍ ചോദിക്കുക.

നെയ്യാറ്റിന്‍കര, കോവളം, വടകര, പീരുമേട് സീറ്റുകള്‍ കിട്ടിയേ തീരുവെന്നാണ് കെകെസി നിലപാട്. എല്‍ജെപിയും ശിവസേനയും ഒന്നോ രണ്ടോ സീറ്റുകള്‍ മാത്രമാകും ചോദിക്കാന്‍ സാധ്യത. ഘടകകക്ഷികള്‍ കണ്ണ് വെച്ചിരിക്കുന്ന ചില സീറ്റുകള്‍ ബിജെപി നേരത്തെ നോട്ടമിട്ടിട്ടുണ്ട്. മുന്നണിയില്‍ വിട്ട് വീഴ്ച്ചയുണ്ടാകുമെന്ന് നേതാക്കള്‍ പറയുമ്പോഴും അതാര്‍ക്ക് അനുകൂലമായിരിക്കും എന്നതാണ് ഉയരുന്ന ചോദ്യം.