നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങി യുഡിഎഫ്. ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാകില്ല. ജില്ലയില്‍ യുഡിഎഫിന് ആകെ ഉണ്ടായിരുന്ന കോന്നി മണ്ഡലം കൂടി ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ 2019 ലെ ഉപതെരഞ്ഞെടുപ്പോടെ ജില്ലയിലെ മണ്ഡലങ്ങളെല്ലാം നഷ്ടപ്പെട്ട യുഡിഎഫിനു ഇത്തവണ ഇരട്ട ജോലിയാണ്. എല്‍ഡിഎഫിന്റെ കൈയിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും തിരിച്ചു വരവ് പ്രതീക്ഷിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുഴുവനും. 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന കോന്നി മണ്ഡലം കൂടി 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായതിന് പിന്നില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പാളിച്ചയും ഗ്രൂപ്പുകള്‍ തമ്മിലുള്ള സീറ്റ് വെച്ചുമാറലും കാലുവാരലുമാണെന്നാണ് വിലയിരുത്തല്‍. ആ സാഹചര്യത്തിലാണ് ഇത്തവണ വിജയ സാധ്യത മാത്രം മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. വിജയസാധ്യത ഒഴികെ മറ്റൊരു ഘടകവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡമാക്കില്ലെന്ന് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ജെ. കുര്യന്‍ പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പി. ജെ. കുര്യനടക്കം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ തന്നെ സ്‌നേഹിക്കുന്നവര്‍ അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തന്നെ തീരുമാനിക്കുന്നുണ്ടെങ്കില്‍ മാത്രമേ അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിറ്റിംഗ് എംഎല്‍എമാര്‍ ഉള്‍പ്പെടെ പുതു മുഖങ്ങള്‍ക്കു കൂടി അവസരം നല്‍കി വിജയം ഉറപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഒന്നുമില്ലെങ്കിലും ക്രിസ്ത്യന്‍ വോട്ടുകളില്‍ പിളര്‍പ്പുണ്ടാക്കി മത്സരം കൊഴുപ്പിക്കാനുള്ള ശ്രമം ബിജെപിയും തുടങ്ങിയിട്ടുണ്ട്.