സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെത് ഹീനമായ രാഷ്ട്രീയ നാടകമെന്നും മുല്ലപ്പള്ളി.

മൂന്ന് ഉന്നതരായ ഐപിഎസി ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് യാതൊരു കഴമ്പുമില്ലെന്ന് പറഞ്ഞ് കുഴിച്ചു മൂടിയ കേസാണ് ഇത്. തെരഞ്ഞെടുപ്പ് ഏത് സമയത്തും പ്രഖ്യാപിച്ചേക്കാം. ആ സമയത്താണ് പിണറായി വിജയന്‍ കേസ് കുത്തിപ്പൊക്കുന്നതെന്നും മുല്ലപ്പള്ളി. ഭരിക്കുന്നത് നേട്ടങ്ങളൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത സര്‍ക്കാരാണെന്നും സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും രാഷ്ട്രീയ പ്രതിയോഗികളെ സ്വഭാവഹത്യ നടത്തി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനാണ് വ്യാമോഹമെങ്കില്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികളോട് എപ്പോഴാണ് മുഖ്യമന്ത്രിക്ക് ബഹുമാനം ഉണ്ടായതെന്ന് മുല്ലപ്പള്ളി ചോദിച്ചു. പെരിയ, ഷുഹൈബ് കൊലപാതകങ്ങള്‍ സിബിഐയ്ക്ക് വിടാതിരിക്കാന്‍ കോടികള്‍ ചെലവഴിച്ച സര്‍ക്കാരല്ലേ ഇതെന്നും മുല്ലപ്പള്ളി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് എത്രമാത്രം അപലപനീയമാണെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.