കർഷകരുടെ ട്രാക്ടർ പരേഡിന് നിയന്ത്രണങ്ങളോടെ അനുമതി നൽകിയെന്ന് ഡൽഹി പൊലീസ്. മൂന്ന് അതിർത്തി മേഖലകളിൽ നിന്ന് ഡൽഹിയിലേക്ക് റാലി അനുവദിക്കും. പ്രശ്നങ്ങളുണ്ടാക്കാൻ പാക് ശ്രമമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. റാലിയിൽ പങ്കെടുക്കാൻ ആയിരകണക്കിന് ട്രാക്ടറുകൾ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിത്തുടങ്ങി. അതേസമയം, സിംഗുവിലെത്തിയ പഞ്ചാബിലെ കോൺഗ്രസ് എം.പി രവ്നീത് സിംഗ് ബിട്ടുവിന് നേരെ കർഷകർ പ്രതിഷേധിച്ചു.

അഞ്ച് അതിർത്തി മേഖലകളിൽ നിന്ന് ഡൽഹിയിലേക്ക് ട്രാക്ടർ പരേഡ് നടത്താനുള്ള റൂട്ട് മാപ്പാണ് കർഷക സംഘടനകൾ കൈമാറിയതെങ്കിലും മൂന്ന് മേഖലകൾ മാത്രമാണ് ഡൽഹി പൊലീസ് അനുവദിച്ചത്. സിംഗു, തിക്രി, ഗാസിപുർ അതിർത്തികൾ വഴി ഡൽഹിയിലേക്ക് റാലി അനുവദിക്കും. മൂന്നിടങ്ങളിലെയും ബാരിക്കേഡുകൾ തുറന്നു കൊടുക്കും. ട്രാക്ടർ റാലിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായും, പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി മാത്രം 308 പാക് ട്വിറ്റർ പേജുകൾ പ്രവർത്തിക്കുന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ആയിരകണക്കിന് ട്രാക്ടറുകൾ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ, സിംഗുവിലെ പ്രക്ഷോഭ കേന്ദ്രത്തിലെത്തിയ ലുധിയാന എം.പി രവ്നീത് സിംഗ് ബിട്ടുവിനെ സമരക്കാർ കയ്യേറ്റം ചെയ്തു.

അതിശൈത്യം കാരണം ഒരു കർഷകൻ കൂടി മരിച്ചതോടെ, പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 151 പേർ മരിച്ചെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.