കർഷകരുടെ ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു എന്ന് ഡൽഹി പൊലീസ്. ഇതിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് ഡൽഹി പൊലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗം സ്പെഷ്യൽ കമ്മീഷണർ ദീപേന്ദ്ര പഥക് പറഞ്ഞു. ജനുവരി 26, റിപ്പബ്ലിക് ദിനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ കർഷക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലി.

“കർഷകരുടെ ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ പാകിസ്താനിൽ നിന്നുള്ള 300ലധികം ട്വിറ്റർ ഹാൻഡിലുകളാണ് ജനുവരി 13നും 18നും ഇടയിൽ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. വിവിധ ഏജൻസികളിൽ നിന്ന് ഇതേപ്പറ്റിയുള്ള വിവരം ലഭിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം കനത്ത സുരക്ഷ ഒരുക്കും. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഒരു തീവ്രവാദ സംഘം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. പാകിസ്താനിൽ നിന്നുള്ള 308 ട്വിറ്റർ ഹാൻഡിലുകൾ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ പ്രചരിപ്പിക്കുകയാണ്.”- ദീപേന്ദ്ര പഥക് പറഞ്ഞു.

കർഷകരുടെ ട്രാക്ടർ പരേഡിന് നിയന്ത്രണങ്ങളോടെ അനുമതി നൽകിയെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. മൂന്ന് അതിർത്തി മേഖലകളിൽ നിന്ന് ഡൽഹിയിലേക്ക് റാലി അനുവദിക്കും.റാലിയിൽ പങ്കെടുക്കാൻ ആയിരകണക്കിന് ട്രാക്ടറുകൾ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിത്തുടങ്ങി. അഞ്ച് അതിർത്തി മേഖലകളിൽ നിന്ന് ഡൽഹിയിലേക്ക് ട്രാക്ടർ പരേഡ് നടത്താനുള്ള റൂട്ട് മാപ്പാണ് കർഷക സംഘടനകൾ കൈമാറിയതെങ്കിലും മൂന്ന് മേഖലകൾ മാത്രമാണ് ഡൽഹി പൊലീസ് അനുവദിച്ചത്. സിംഗു, തിക്രി, ഗാസിപുർ അതിർത്തികൾ വഴി ഡൽഹിയിലേക്ക് റാലി അനുവദിക്കും. മൂന്നിടങ്ങളിലെയും ബാരിക്കേഡുകൾ തുറന്നു കൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.