കാലിഫോര്‍ണിയ: ഒരിക്കല്‍ കോവിഡ് ബാധിച്ച്‌ ഭേദമായവര്‍ക്ക് പിന്നീട് ആറ് മാസത്തേക്ക് വൈറസ് ബാധയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വൈറസിനെതിരായ ആന്റിബോഡികള്‍ ആറുമാസത്തേക്ക് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണ്ടെത്തല്‍. പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ജനതകമാറ്റം വന്ന വൈറസിനെപ്പോലും ആന്റിബോഡികള്‍ക്ക് തടയാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.

അമേരിക്കയിലെ റോക്ക്‌ഫെല്ലര്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ ആന്റിബോഡികള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും പിന്നീട് കോവിഡ് ആക്രമണമുണ്ടായാല്‍ തടുക്കുന്നതായും കണ്ടെത്തി. കോവിഡ് വൈറസിനെതിരായ ആന്റിബോഡികളുടെ സാനിധ്യം ആഴ്ചകളോ മാസങ്ങളോ രക്തത്തിലെ പ്ലാസ്മയില്‍ കാണപ്പെട്ടേക്കാം.

കോവിഡ് വീണ്ടും ശരീരത്തില്‍ പ്രവേശിച്ചാല്‍ ആന്റിബോഡികള്‍ക്ക് പകരം മെമ്മറി ബി സെല്ലുകളെയാണ് പ്രതിരോധത്തിനായി നിര്‍മ്മിക്കുന്നത്. വൈറസിനെ തിരിച്ചറിഞ്ഞ് ആവശ്യമായ ആന്റിബോഡികള്‍ മെമ്മറി ബി സെല്ലുകള്‍ പ്രതിനിധാനം ചെയ്യുന്നു.

ആറ് മാസത്തിന് ശേഷവും ആന്റിബോഡികള്‍ കണ്ടെത്താന്‍ സാധിക്കുമെങ്കിലും അവയുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. മെമ്മറി ബി സെല്ലുകള്‍ക്ക് കോവിഡ് വകഭേദങ്ങളെ വരെ വകവരുത്താനുള്ള കഴിവുള്ളതായാണ് കണ്ടെത്തല്‍.