ദില്ലി: ആസിഫ് അന്‍സാരിയെ യൂത്ത് ലീഗിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചതിനെ തുടര്‍ന്നാണിത്. യൂത്ത് ലീഗ് വൈസ് പ്രസിഡന്റായിരുന്നു ആസിഫ് അന്‍സാരി. മുസ്ലിം ലീഗിന്റെ കേരളത്തിന് പുറത്തുള്ള നേതാക്കളില്‍ പ്രധാന മുഖമായിരുന്നു സാബിര്‍. ഇദ്ദേഹത്തിന്റെ രാജി യൂത്ത് ലീഗിന് കനത്ത തിരിച്ചടിയാണ്. ബംഗാളിലെ രാഷ്ട്രീയ നിലപാടില്‍ നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു സാബിറിന്. തുടര്‍ന്നാണ് രാജിവെക്കാം എന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയത്.

രാജികത്ത് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് കൈമാറി. വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിങ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചുവെന്ന് സാബിര്‍ മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അടുത്തിടെ മുസ്ലിം മത നേതാവ് അബ്ബാസ് സിദ്ദിഖി ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയുണ്ടാക്കിയിരുന്നു. ഇതുമായി സഹകരിക്കണം എന്നാണ് സാബിര്‍ ലീഗ് നേതാക്കളെ അറിയിച്ചത്. എന്നാല്‍ അബ്ബാസ് സിദ്ദിഖിയുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ഐക്യത്തിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിദ്ദിഖിയുമായി സഖ്യം വേണ്ട എന്ന് മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു. ഇതോടെയാണ് രാജിവെക്കാന്‍ സാബിര്‍ തീരുമാനിച്ചത്. അദ്ദേഹം അബ്ബാസ് സിദ്ദിഖിയുടെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം.

മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഒരു നിലപാടിനോടും യോജിപ്പില്ല എന്നാണ് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയത്. ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ പറയുന്നു. ബംഗാളിലെ ഫുര്‍ഫുറ ദര്‍ഗാ ഷെരീഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് അബ്ബാസ് സിദ്ദിഖി. ഇദ്ദേഹം മമത ബാനര്‍ജിയുടെ നിശിത വിമര്‍ശകനാണ്. ബിജെപിക്കും മമതയ്ക്കുമെതിരാണ് തന്റെ പാര്‍ട്ടി എന്ന് സിദ്ദിഖി പറയുന്നു.