സർക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന ആരോപണവുമായി കോൺഗ്രസ്. സംസ്ഥാനത്ത് അപകടരമായ കൊവിഡ് വ്യാപനം.വീണിടം വിഷ്ണു ലോകമാക്കുന്ന പരിപാടിയാണ് സർക്കാരിന്റേത്. സംസ്ഥാനത്ത് നടക്കുന്നത് ഡിലൈ ദി പീക്ക് അല്ല, ഡിനൈ ദി ടെസ്റ്റ് എന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്. ആരോഗ്യ മന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുന്നുവെന്ന് ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അപകടരമാം വിധം മുന്നോട്ട് പോകുമ്പോഴുംസർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ വ്യക്തത ഇല്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.രാജ്യത്തെ പകുതി കൊവിഡ് രോഗികൾ കേരളത്തിൽ. മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ നിൽക്കുമ്പോൾ കേരളത്തിലേത് പതിനൊന്ന് ശതമാനത്തിന് മുകളിലാണ്.കൂടുതൽ പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചെങ്കിലും ടെസ്റ്റിംഗ് കൂട്ടുന്നതിൽ പരാജയപ്പെട്ടു. മറ്റിടങ്ങളിൽ ആർടിപിസിആർ പരിശോധനകളെ ആശ്രയിക്കുമ്പോൾ സംസ്ഥാനത്ത് നടത്തുന്ന സിംഹഭാഗം പരിശോധനകളും ആന്റിജെനാണ്. ഇതിന്റെ ഫലപ്രാപ്തി 50 % മാത്രമാണ്.

ആരോഗ്യ വകുപ്പ് ഒറ്റയ്ക്ക് കൈകാര്യം ചെയ്തതാണ് നില വഷളാക്കിയത്.ആരോഗ്യ വകുപ്പ് ഡയറക്ടറെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേയും ആരും പുറത്ത് കണ്ടിട്ടില്ല. സംസ്ഥാനത്ത്വാക്‌സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ഡിലൈ ദി പീക്ക് പ്രയോഗം വീണിടം വിഷ്ണുലോകം ആക്കുന്ന പരിപാടിയാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.

ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. സർക്കാർ വ്യാജ പ്രചരണം നിർത്തണം. നിയമസഭ തെരഞ്ഞെടുപ്പ് വരെ ഭീതി നിലനിർത്തി ജനങ്ങളെ കുരുതി കൊടുക്കരുതെന്നും വിഷ്ണുനാഥ് പറഞ്ഞു. ഉന്നയിച്ച കാര്യങ്ങളിൽ ആരോഗ്യ മന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുന്നതായി ഡോ.എസ്.എസ് ലാലും വ്യക്തമാക്കി.