ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാൻ റോയൽസിൻ്റെ മലയാളി താരം സഞ്ജു സാംസണെ റാഞ്ചാൻ ശ്രമം നടത്തിയിരുന്നു എന്ന് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. രണ്ട് ടീമുകളും സഞ്ജുവിനായി രാജസ്ഥാനെ സമീപിച്ചിരുന്നു എന്നും അതുകൊണ്ടാണ് താരത്തെ രാജസ്ഥാൻ ടീമിൽ നിലനിർത്തുകയും ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തത് എന്നും ചോപ്ര പറഞ്ഞു.

“സഞ്ജുവിനെ റാഞ്ചാൻ രണ്ട് ടീമുകൾ ശ്രമിച്ചിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ഒന്ന് റോയ്ല് ചലഞ്ചേഴ്സും മറ്റൊന്ന് സൂപ്പർ കിംഗ്സും. ഈ രണ്ട് ഫ്രാഞ്ചൈസികളും സമീപിച്ചതിനു പിന്നാലെയാണ് സഞ്ജുവിനെ റിട്ടൈൻ ചെയ്യാനും ക്യാപ്റ്റൻ ആക്കാനും രാജസ്ഥാൻ റോയൽസ് വരെ തീരുമാനിച്ചത്.”- ചോപ്ര പറഞ്ഞു.

കഴിഞ്ഞ സീസണിൽ തങ്ങളെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്താണ് രാജസ്ഥാൻ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം നൽകിയത്. കോർ ഗ്രൂപ്പ് രാജസ്ഥാൻ അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്. ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, റിയൻ പരഗ്, രാഹുൽ തെവാട്ടിയ തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. സ്മിത്തിനൊപ്പം ഒഷേൻ തോമസ്, ടോം കറൻ, അങ്കിത് രാജ്പൂത്, ആകാശ് സിംഗ്, അനിരുദ്ധ ജോഷി, ശശാങ്ക് സിംഗ്, വരുൺ ആരോൺ എന്നിവരെയും രാജസ്ഥാൻ റിലീസ് ചെയ്തു