വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മറ്റ് റിസോര്‍ട്ടുകളിലും പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മേപ്പാടി,900 കണ്ടി മേഖലകളില്‍ അനുമതിയില്ലാതെ ടെന്റ് ടൂറിസം ഉള്‍പ്പെടെ സജീവമാകുന്നെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാത്ത ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുളള പറഞ്ഞു

കൊവിഡ് കാലത്തിന് ശേഷം വയനാട്ടില്‍ സജീവമാണ് ടെന്റ് ടൂറിസം. റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും സമീപത്ത് കൃഷിയിടത്തിലോ വനപ്രദേശത്തോട് ചേര്‍ന്ന ഇടത്തോ ടെന്റ് ഒരുക്കിയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കാര്യമായ സുരക്ഷ ഉറപ്പാക്കാതെയാണ് പലയിടത്തും ടെന്റുകളുടെ വിന്യാസം. മേപ്പാടി,900 കണ്ടി മേഖലകളില്‍ സജീവമാണ് ടെന്റിലെ താമസം. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി സുരക്ഷ പരിശോധനകള്‍ നടത്താന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്.

മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല റിസോര്‍ട്ടുകള്‍ക്കും അനുമതിയില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ വൈത്തിരി തഹസില്‍ദാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.