വാഷിംഗ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ കുറ്റ വിചാരണ സെനറ്റില്‍ ഫെബ്രുവരി എട്ടിന് ആരംഭിക്കും. ജനപ്രതിനിധി സഭ ഇംപീച്ച്‌ ചെയ്ത പ്രസിഡന്റിനെ വിചാരണ ചെയ്ത് ശിക്ഷിക്കുകയോ കുറ്റവിമുക്തനാക്കുകയോ ആണ് സെനറ്റ് ചെയ്യുക. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരെ കുറ്റം ചുമത്താം.

100 അംഗ സെനറ്റില്‍ 50 ഡെമൊക്രാറ്റ് അംഗങ്ങള്‍ക്ക് പുറമെ 17 റിപ്പബ്ലിക് പാര്‍ട്ടി അംഗങ്ങള്‍ കൂടി പിന്തുണച്ചാലെ ട്രംപിനെതിരെ കുറ്റം ചുമത്താനാകൂ. ട്രംപിനെ പുറത്താക്കാന്‍ 25-ാം ഭേദഗതി പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചതിന് പിന്നാലെയാണ് ജനപ്രതിസഭയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്. 197 നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായത്. പത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും പ്രമേയത്തെ പിന്തുണച്ചിരുന്നു. ഇത് ട്രംപ് അനുകൂലികള്‍ക്ക് തിരിച്ചടിയായി.

യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്നാരോപിച്ച്‌ കലാപത്തിന് പ്രേരിപ്പിക്കുക എന്ന പ്രമേയത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്. ഇതോടെയാണ് രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് മാറിയത്. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഒരു വര്‍ഷത്തിനിടെ രണ്ടു തവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ഏക അമേരിക്കന്‍ പ്രസിഡന്റായി ട്രംപ്.

2019 ഡിസംബറിലും ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച്‌ ചെയ്തിരുന്നു. സെനറ്റിലെ വോട്ടെടുപ്പിലൂടെയാണ് ട്രംപ് അന്ന് ഇംപീച്ച്‌മെന്റ് നടപടികളില്‍ നിന്നും രക്ഷപ്പെട്ടത്.