തിരുവനന്തപുരത്തിന് പുറമെ തൃശൂരിലും ശക്തമായ മത്സരത്തിനൊരുങ്ങി ബിജെപി. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല എന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രാഥമിക പട്ടിക പലയിടത്തും തയാറായിക്കഴിഞ്ഞു. ബിഡിജെഎസിന് കഴിഞ്ഞ തവണ നല്‍കിയ സീറ്റുകളില്‍ ചിലത് തിരിച്ചെടുത്താണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക.

തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച അത്ര നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമായും തൃശൂര്‍, മണലൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ തുടങ്ങിയ മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ബിഡിജെഎസിന് കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ നല്‍കിയിരുന്നെങ്കിലും ഇത്തവണ അഞ്ചില്‍ കുറയാനാണു സാധ്യത.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റില്‍ തോറ്റ ബി. ഗോപാലകൃഷ്ണന്റെയും സംസ്ഥാന വൈസ് പ്രസിഡന്റ്് എം.എസ്. സമ്പൂര്‍ണയുടെയും പേരുകളാണ് തൃശൂരില്‍ പരിഗണനയിലുള്ളത്. എന്നാല്‍ കൊടുങ്ങല്ലൂരില്‍ മത്സരിക്കാനാണ് ബി. ഗോപാലകൃഷ്ണന് താല്പര്യമെന്നാണ് സൂചന. മണലൂരില്‍ എ.എന്‍. രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

പുതുക്കാട് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷും കുന്നംകുളത്ത് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. നാട്ടികയില്‍ ചുവടുറപ്പിക്കാന്‍ ഐ.എം. വിജയനുമായി ചര്‍ച്ച നടത്തുകയാണ് ബിജെപി നേതൃത്വം. എന്നാല്‍ ഐ.എം. വിജയന്‍ മത്സരിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച നേതാവ് നിവേദിതയെയാണ് പരിഗണിക്കുന്നത്. ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് പാര്‍ട്ടികളുടെ ഔദ്യോഗിക വിശദീകരണമെങ്കിലും പലരും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്