രണ്ട് തവണ എംഎല്‍എമാരായവര്‍ക്ക് സീറ്റു നല്‍കേണ്ടെന്ന നയം ചില നേതാക്കളുടെ കാര്യത്തില്‍ സിപിഐഎം മാറ്റിവയ്ക്കും. മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമാകും ഇളവ്. ഭരണം കിട്ടിയാല്‍ പരിചയസമ്പന്നര്‍ സര്‍ക്കാരിലുണ്ടാവണമെന്നാണ് സിപിഐഎം നിലപാട്.

ഒന്നോ രണ്ടോ മന്ത്രിമാരൊഴികെ മറ്റുള്ളവര്‍ വീണ്ടും മത്സര രംഗത്തുണ്ടാവും. സിപിഐഎമ്മിന്റെ രണ്ട് ടേം മാനദണ്ഡം ഇവര്‍ക്ക് ബാധകമാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തു വീണ്ടും ജനവിധി തേടും. മട്ടന്നൂരില്‍ ഇ. പി. ജയരാജനാകും സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. കൂത്തുപറമ്പ് എല്‍ജെഡിക്കു നല്‍കി കെ.കെ. ശൈലജയെ കല്യാശ്ശേരിക്കോ പയ്യന്നൂരിനോ മാറ്റും. റിസ്‌കുള്ള മണ്ഡലത്തില്‍ മത്സരിച്ചാലും ജനപ്രിയ മന്ത്രി ജയിക്കില്ലേ എന്ന് പ്രമുഖ നേതാവ് ചോദിച്ചത് കെ. കെ. ശൈലജ കാര്യമായെടുത്തിട്ടില്ല.

കോടിയേരി ബാലകൃഷ്ണന്‍ മത്സര സന്നദ്ധത പ്രകടിപ്പിച്ചാല്‍ എ. എന്‍. ഷംസീറിന് തലശേരി വിട്ടുകൊടുക്കേണ്ടി വരും. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍ , ടി.പി.രാമകൃഷ്ണന്‍, കെ. ടി. ജലീല്‍, എ.സി. മൊയ്തീന്‍, എം. എം. മണി, കടകംപള്ളി സുരേന്ദ്രന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ വീണ്ടും ജനവിധി തേടിയേക്കും. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ അഞ്ച് തവണ മത്സരിച്ചതിനാല്‍ ആറാമൂഴത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വേണ്ടിവരും.

ഫെബ്രുവരി രണ്ടിലെ സെക്രട്ടേറിയറ്റ്, മൂന്ന്, നാല് തീയതികളിലെ സംസ്ഥാന സമിതി എന്നിവ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക ധാരണയിലെത്തിയേക്കും. മന്ത്രിമാരില്‍ എ. കെ. ബാലനും സി. രവീന്ദ്രനാഥും വീണ്ടും മത്സരിക്കാന്‍ ഇടയില്ല. സെക്രട്ടേറിയറ്റംഗങ്ങളില്‍ പി. രാജീവ് കളമശേരിയിലും കെ. എന്‍. ബാലഗോപാല്‍ കൊട്ടാരക്കരയിലും മത്സരിക്കാനാണ് സാധ്യത.