മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്നു കേരള ജനപക്ഷം പാര്‍ട്ടി ലീഡര്‍ പി.സി. ജോര്‍ജ്. ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കേരള ജനപക്ഷം പാര്‍ട്ടിയുടെ യുഡിഎഫ് മുന്നണി പ്രവേശം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പി.സി. ജോര്‍ജിന്റെ പ്രതികരണം. മുന്നണി പ്രവേശനത്തിന് ആരുടെയും കാലുപിടിക്കില്ല. ആരുടെയും ഔദാര്യം പറ്റാന്‍ പോകാന്‍ ഇല്ല. 15 നിയോജകമണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കും. കോണ്‍ഗ്രസ് സമിതിയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു നിന്നു നയിക്കണം. തന്റെ മുന്നണി പ്രവേശം തടയുന്നത് ആരെന്ന് അറിയില്ല. ജനപക്ഷം പാര്‍ട്ടിയുടെ കരുത്ത് തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് തിരിച്ചറിയും. പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പിള്ളി സീറ്റുകളില്‍ ശക്തമായ മത്സരമായിരിക്കും ജനപക്ഷം കാഴ്ചവയ്ക്കുകയെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും മുന്നണിയിലേക്ക് താന്‍ വരണമെന്നാണ് പറയുന്നത്. പതിനഞ്ചു സീറ്റുകളില്‍ ജനപക്ഷം പാര്‍ട്ടിക്ക് ജയപരാജയം നിര്‍ണയിക്കാനുള്ള സ്വാധീനം ഉണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് വ്യക്തമാകുമെന്നും പി.സി. ജോര്‍ജ് പറയുന്നു.