ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ വനിതകളെ മത്സരിപ്പിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലീംലീഗ്. ചില വനിതാ നേതാക്കളെ ഉയര്‍ത്തിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് വനിത ലീഗ് സംസ്ഥാന നേതൃത്വവും വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളുണ്ടാകുമോയെന്ന കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ പ്രതികരണം.
ചില വനിതാ നേതാക്കളുടെ പേരുകള്‍ ഉയര്‍ത്തിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെയും നേതൃത്വം പൂര്‍ണമായും തള്ളി.ഇത്തവണ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ലീഗ് നേതൃത്വം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

1996 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഖമറുന്നീസ അന്‍വറാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് വേണ്ടി സ്ഥാനാര്‍ത്ഥിയായ ഏക വനിത. അന്ന് കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിച്ച ഖമറുന്നീസ പക്ഷെ പരാജയപ്പെട്ടിരുന്നു