ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോഡിന്റെ വശങ്ങള്‍ അനധികൃതമായി കയ്യേറി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗുരുഗ്രാം പൊലീസ് രംഗത്ത് .ഇത്തരം ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് എന്നെന്നേക്കുമായി നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി ഗുരുഗ്രാം പൊലീസ് നീങ്ങുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ഗുരുഗ്രാം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രീത് പാല്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിഎന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുഗ്രാമിലെ റോഡുകളുടെ തെറ്റായ ഭാഗങ്ങളിലൂടെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനാണ് പൊലീസ് നീങ്ങുന്നത് . ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ, തെറ്റിയ രീതിയിലെ ഡ്രൈവിംഗിനിടയില്‍ അപകടം ഉണ്ടായാല്‍ 10 വര്‍ഷം ജയിലില്‍ കിടക്കാനുള്ള വകുപ്പ് ചേര്‍ത്ത് കേസെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിയമലംഘകരെ കണ്ടെത്തുന്നതിന് സി.സി.ടി.വി. കാര്യക്ഷമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി . മാത്രമല്ല വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം ഡ്രൈവിങ്ങ് ലൈസന്‍സുമായി ബന്ധിപ്പിക്കാനും പോലീസ് നീക്കമുണ്ട്. അതെ സമയം ലൈസന്‍സ് ഉടമ കൂടുതല്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് റദ്ദാക്കിയേക്കും