കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേതാജിയുടെ ജന്മവാര്‍ഷികം ദേശീയ അവധിയായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം അറിയിക്കുന്നതായും മമത പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്‌ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ മമത ബാനര്‍ജി രംഗത്തെത്തിയത്.

നിങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുകയും പുതിയ വിമാനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു, എന്തുകൊണ്ടാണ് നേതാജിയ്ക്ക് സ്മാരകം നിര്‍മ്മിക്കാത്തത് എന്നായിരുന്നു മമതയുടെ ചോദ്യം. ‘നിങ്ങള്‍ക്ക് ഏത് തുറമുഖത്തിന് വേണമെങ്കിലും ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാം. ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ രാജീവ് ഗാന്ധിയെക്കൊണ്ട് കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം എന്ന് പേര് പുനര്‍നാമകരണം ചെയ്യിക്കാന്‍ എനിക്ക് സാധിച്ചു’ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാന്‍ കേന്ദ്രം കഴിഞ്ഞ ജൂണില്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം.

നേതാജിയുടെ ആശയത്തില്‍ രൂപീകൃതമായ ആസൂത്രണ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും പകരം നീതി അയോഗ് കൊണ്ടുവന്നെന്നും മമത വിമര്‍ശനം ഉന്നയിച്ചു. ആസൂത്രണ കമ്മിഷനെ തിരികെ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് ബിജെപിയും തൃണമൂലും തമ്മില്‍ നടക്കു. സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയിലേക്ക് എത്തിയത് തൃണമൂലിന് വലിയ വെല്ലുവിളിയാണ്.