തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിനുകള്‍ എത്തിയതോടെ സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 133 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ സംസ്ഥാനത്തുണ്ടായിരുന്നത്. ഇതിന്റെ എണ്ണം കൂട്ടി വരികയാണ്. നിലവില്‍ 141 വാക്‌സിനഷന്‍ കേന്ദ്രങ്ങളുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു.

ഒരു ജില്ലയില്‍ 14 എന്ന നിലയില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 249 വരെയാക്കാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കും. സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരാമിനിച്ചത്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി തുടങ്ങി ആഴ്ചയില്‍ 4 ദിവസമാണ് ഇപ്പോള്‍ വാക്സിനേഷന് അനുവദിച്ചത്. ബാക്കിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ദിവസങ്ങളില്‍ മാത്രമായി ഒതുക്കിയത്.

ഫെബ്രുവരി 13 ഓടെ ആദ്യം വാക്സിന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഘട്ട വാക്സീനെടുക്കേണ്ട സമയമാകും. അതിനാല്‍ ഫെബ്രുവരി 15നകം ആദ്യഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 15ന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കാനാണ് പദ്ധതി. കുട്ടികളുടെ വാക്സിനേഷന്‍ മുടങ്ങാന്‍ പാടില്ല. കുട്ടികളുടെ വാക്സിനേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികള്‍ക്കും പകരം സംവിധാനമുള്ള ആശുപത്രികള്‍ക്കും ഇതിലൂടെ ബുധനാഴ്ചയും വാക്സിനേഷന്‍ നടത്താന്‍ സാധിക്കും. ജില്ലാ ടാക്സ് ഫോഴ്സ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്ന് കെ.കെ.ഷൈലജ പറഞ്ഞു.

അതേസമയം ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലര്‍ത്ത് നിശ്ചയിച്ച സമയത്ത് വാക്സിനെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ വാക്സിന്‍ എടുക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്ബ് അറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കി. അന്നേ ദിവസം എത്തിച്ചേരാന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റേതെങ്കിലും ആരോഗ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി ആ വിടവ് നികത്തും.

സംസ്ഥാനത്താകെ ആകെ 4,87,306 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,86,017 പേരും സ്വകാര്യ മേഖലയിലെ 2,07,328 പേരും ഉള്‍പ്പെടെ 3,93,345 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിലുള്ളത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.