രാജ്യത്തെ മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ ഈ അധ്യായന വർഷം മുതൽ കാതലായമാറ്റം ഉണ്ടാകും. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ വർഷത്തിൽ നാല് തവണ നടത്താൻ തീരുമാനിച്ചതിന് പിന്നാലെ മെഡിക്കൽ പ്രവേശന പരീക്ഷ വർഷത്തിൽ രണ്ട് തവണവും നടത്താനാണ് ശ്രമം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം കൈകൊള്ളും.

കാലം ഏറെ കഴിഞ്ഞിട്ടും മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകളോടുള്ള പരമ്പരാഗത സമീപനം രാജ്യത്ത് ഇതുവരെയും മാറ്റപ്പെട്ടിരുന്നില്ല. പെൻ പേപ്പർ ശൈലിയിൽ നിന്ന് ഇന്ത്യയെക്കാൾ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ പോലും മാറിയിട്ടും ഇന്ത്യ പഴയ ശൈലിയിൽ തുടർന്നു. ഇതിനാണ് ഈ വർഷം മുതൽ സമൂല മാറ്റം ഉണ്ടാകുക. ജെഇഇ മെയിൻ പരീക്ഷ 2019 മുതൽ രാജ്യത്ത് ഒരുവർഷം രണ്ട് തവണ നടത്താൻ തീരുമാനിച്ചിരുന്നു. ഇത് ഈ വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി വർഷത്തിൽ നാല് തവണയായി ഉയർത്തും. മെഡിക്കൽ പ്രവേശന പരീക്ഷയിൽ നിർദേശിയ്ക്കപ്പെട്ട മാറ്റമാണ് ഏറെ പ്രധാനമാകുക. നീറ്റ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണ നടത്താനാണ് ഇപ്പോഴത്തെ നിർദേശം. ഇക്കാര്യത്തിൽ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം അന്തിമ തീരുമാനം കൈകൊള്ളും.

പേൻ പേപ്പർ ശൈലിയിൽ നിന്ന് നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്തിതമാക്കുന്നതിലും യോഗം സുപ്രധാന തീരുമാനം കൈകൊള്ളും. ഒരു മോശം ദിവസം നല്ല പ്രകടനം നടത്താൻ സാധിയ്ക്കാത്ത വിദ്യാർത്ഥിയ്ക്ക് വിലയായി അവന്റെ ഒരു സമ്പൂർണ അധ്യായന വർഷം നൽകേണ്ടി വരുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ താത്പര്യത്തിന് എതിരാണെന്ന് വിദ്യാഭ്യാസമന്ത്രാലത്തിന്റെ വക്താവ് വിശദീകരിച്ചു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് അനുകൂല സമീപനം തിങ്കളാഴ്ച സ്വീകരിച്ചാൽ രാജ്യത്ത് നീറ്റ് പരീക്ഷ വർഷത്തിൽ രണ്ട് തവണയായി മാറും. 16 ലക്ഷം പേരാണ് കഴിഞ്ഞ വർഷം മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതിൽ 13.5 ലക്ഷം പരീക്ഷ എഴുതി. എന്നാൽ, ഭൂരിപക്ഷം പേർക്കും യോഗ്യത നേടാനും സാധിച്ചില്ല. മെഡിക്കൽ പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാകുമ്പോൾ പരീക്ഷയുടെ സുതാര്യതയും കൂടുതൽ വർധിയ്ക്കും.