വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള കൊവിഡ് വാക്‌സിന്‍ കയറ്റുമതി ഇന്ത്യ അടുത്ത ആഴ്ചയോടെ കൂടുതല്‍ വേഗത്തിലാക്കും. രാജ്യത്ത് നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്സിന്‍ കയറ്റുമതിക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. ബ്രസീലിനും മൊറോക്കോയ്ക്കുമുള്ള ആദ്യ വാക്‌സിനുകളാണ് ഇന്നലെ അയച്ചത്.

ആസ്ട്രാസെനക്കയും ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിനാണ് ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്.

കൊവിഷീല്‍ഡ് വാക്സിനായി 92 രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇവരില്‍ പലരും ഓര്‍ഡര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇന്ത്യയില്‍ വിതരണം തുടങ്ങിയശേഷം വാക്സിന്‍ കയറ്റുമതി എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.