പത്തനംതിട്ട നഗരസഭയിലെ എസ്ഡിപിഐ – സിപിഐഎം ധാരണക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. നഗരസഭയെ സമരവേദിയാക്കി മാറ്റി കോണ്‍ഗ്രസും ബിജെപിയുമാണ് പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ നഗരസഭാ വിഷയം സജീവ പ്രചാരണായുധമാക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം.

എസ്ഡിപിഐ ധാരണയെ ചൊല്ലി സിപിഐയും പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗവും സിപിഐഎമ്മിനെതിരെ ഉയര്‍ത്തിയ പ്രതിഷേധം അടങ്ങും മുന്‍പാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തിരിക്കുന്നത്. നഗരസഭാ കവാടത്തെ സമരവേദിയാക്കി കോണ്‍ഗ്രസ് മാറ്റിയപ്പോള്‍ പ്രകടനമായെത്തിയാണ് ബിജെപി സമരങ്ങള്‍ക്ക് തുടക്കമിട്ടത്. വര്‍ഗീയ പാര്‍ട്ടികളുമായി ഒരു നീക്കുപോക്കുമില്ലെന്ന് പറയുന്ന സിപിഐഎം നേതാക്കള്‍ എസ്ഡിപിഐയുമായി പരസ്യ ധാരണയുണ്ടാക്കി ജനങ്ങളെ പരിഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് സമരം ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി ശിവദാസന്‍ നായര്‍ പറഞ്ഞു.

എസ്എഫ്‌ഐ രക്തസാക്ഷി അഭിമന്യുവിന്റെ പേരില്‍ പണം പിരിച്ച സിപിഐഎം സംസ്ഥാന നേതൃത്വം അറിഞ്ഞ് തന്നെയാണ് പത്തനംതിട്ടയില്‍ എസ്ഡിപിഐയുമായി ധാരണയുണ്ടാക്കിയതെന്നാണ് ബിജെപിയുടെ ആരോപണം. താത്കാലിക ലാഭത്തിനായി ആരുമായും സിപിഐഎം കൂട്ടുകെട്ടുണ്ടാക്കുമെന്നും സംസ്ഥാനത്ത് എമ്പാടും ഇത് പ്രകടമാണന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു.

ആറന്മുള മണ്ഡലത്തിന്റെ ഭാഗമായ നഗരസഭയിലെ രാഷ്ട്രീയ ധാരണ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സിപിഐഎമ്മിനെതിരെ സജീവ പ്രചാരണായുധമാക്കാനാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 30ന് പദയാത്രകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ വിഷയം സജീവമാക്കി നിര്‍ത്തി സമരങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.