പത്തനംതിട്ട: അയല്‍ക്കാരന്‍ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയ 89 കാരിയേയും കുടുംബത്തെയും ആക്ഷേപിച്ച്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പത്തനംതിട്ട കോട്ടങ്കല്‍ സ്വദേശിനിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്കാണ് വനിതാ കമ്മീഷനില്‍ നിന്നും മോശമായ അനുഭവം നേരിടേണ്ടിവന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. 89 വയസുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയെ മദ്യലഹരിയിലായിരുന്ന അയല്‍വാസി വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജനുവരി 28ന് അടൂരില്‍ നടക്കുന്ന വനിത കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുക്കാന്‍ ലക്ഷ്മിക്കുട്ടിയമ്മയെ വിളിച്ചു.

അന്‍പത് കിലോമീറ്റര്‍ അകലെയുള്ള അടൂരിലേക്ക് ഹിയറിംഗിന് എത്താനായിരുന്നു വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വയ്യാതിരിക്കുന്ന അമ്മൂമ്മയ്ക്ക് യത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും ഹിയറിംഗിനുള്ള സ്ഥലം മാറ്റി തരണമെന്നും ആവശ്യപ്പെട്ട ചെറുമകനോട് ജോസഫൈന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.

’89 വയസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആര് പറഞ്ഞു’എന്നാണ് ജോസഫൈന്‍ ചോദച്ചത്. പരാതി നല്‍കിയാല്‍ വനിതാ കമ്മീഷന്‍ വിളിപ്പിക്കുമെന്നും ആവശ്യമുണ്ടെങ്കില്‍ വരാനും ജോസഫൈന്‍ പറഞ്ഞതായാണ് വിവരം.