ആലപ്പുഴ കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിപ്പോയില്‍ വച്ച് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

37 ജീവനക്കാര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റുള്ള പത്ത് പേര്‍ അവധിയിലുണ്ടായിരുന്നവരുമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ഇവിടെ നിന്നും മാറ്റി.

അതേസമയം കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ബ്രിട്ടനില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്. ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍. ഐജിഐബിയില്‍ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ പത്ത് പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.