കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്
ഭക്തരിൽ നിന്നും സഹായം സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഫെബ്രുവരി മുതൽ പദ്ധതി ആരംഭിക്കും.
ഇതരസംസ്ഥാനത്തെ ഭക്തരിൽ നിന്നും സർക്കാരുകളിൽ നിന്നും സഹായമഭ്യർത്ഥിക്കും. ശബരിമലയിൽ വരവ് കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

കൊവിഡിനെത്തുടർന്ന് ശബരിമല സീസൺ പേരിന് മാത്രമായതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിസന്ധിയിലായത്. 1248 ക്ഷേത്രങ്ങളിലെ നിത്യനിദാനവും ജീവനക്കാരുടെ ശമ്പളവും നൽകുന്നതും ബുദ്ധിമുട്ടിലാണ്. പ്രതിമാസം 40 കോടി രൂപയാണ് ഈയിനത്തിൽ മാത്രം ബോർഡിന് ചിലവ്. ഇക്കൊല്ലം ശബരിമലയിൽ വരവ് കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഈ സീസണിൽ വരുമാനത്തിലുണ്ടായത് 92 ശതമനത്തിന്റെ ഇടിവാണ്. നടവരവും മറ്റിനങ്ങളിലുമായി ആകെ ലഭിച്ച വരവ് 21 കോടി രൂപ മാത്രം. കഴിഞ്ഞ വർഷം 269 കോടി രൂപ ആയിരുന്ന സ്ഥാനത്താണ് ഈ തകർച്ച.

അതേസമയം, സംസ്ഥാന സർക്കാർ ബോർഡിന് ഇതിനോടകം 70 കോടി രൂപ നൽകിയിട്ടുണ്ട്. കൂടുതൽ പണം ആവശ്യപ്പെടാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. താത്ക്കാലിക ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും സ്വർണ്ണ ഉരുപ്പടികൾ പണയപ്പെടുത്തിയും പിടിച്ചു നിൽക്കാൻ ബോർഡിന് ആലോചനയുണ്ട്. ഓട്ടുഉരുപ്പടികളും മറ്റും ലേലത്തിൽ വച്ചും പൂജഇതര ഇനത്തിൽ പരമാവധി പണം സ്വരൂപിക്കാനും നീക്കമുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയവും, പ്രളയവുമൊക്കെയായി ബോർഡ് തുടർച്ചയായി പ്രതിസന്ധി നേരിടുകയാണ്.