കൃണാൽ പാണ്ഡ്യയുമായുള്ള പ്രശ്നത്തെ തുടർന്ന് ടീം വിട്ട സംഭവത്തിൽ ദീപക് ഹൂഡയെ വിലക്കി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ. നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സീസണിൽ നിന്നാണ് താരത്തെ പൂർണ്ണമായി വിലക്കിയത്. ഇന്നലെ നടന്ന അപക്സ് കൗൺസിലിലാണ് ക്രിക്കറ്റ് അസോസിയേഷൻ്റെ തീരുമാനം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയത് ക്രിക്കറ്റ് അസോസിയേഷനെ മുഷിപ്പിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിന് ശിക്ഷ. അടുത്ത സീസണിൽ താരത്തിനു കളിക്കാനാവും എന്ന് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. എന്നാ, നടപടിക്കെതിരെ അസോസിയേഷനുള്ളിൽ തന്നെ എതിർ സ്വരങ്ങളും ഉയരുന്നുണ്ട്. മാനേജ്മെൻ്റിനോട് പറയാതെ ഹൂഡ ടീം വിട്ടത് മോശമാണെങ്കിലും ഒരു താക്കീതിൽ ഒതുക്കാമായിരുന്നു എന്നാണ് ബിസിഎ ജോയിൻ്റ് സെക്രട്ടറി പരഗ് പട്ടേലിൻ്റെ അഭിപ്രായം.

ടീം ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ റ്റീം ക്യാമ്പിൽ നിന്ന് ഹൂഡ പിന്മാറിയത്. ടീം അംഗങ്ങൾക്കു മുന്നിൽ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ചീത്ത വിളിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട്, വൈസ് ക്യാപ്റ്റൻ ആയിരുന്ന ഹൂഡ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞിരുന്നു. ഹൂഡ പറഞ്ഞതു പോലെ പ്രശ്നം ഉണ്ടായിട്ടില്ലെന്നും ഫീൽഡ് പരിശീലനം ചെയ്യണമെന്ന പാണ്ഡ്യയുടെ നിർദ്ദേശം അവഗണിച്ച് ഹൂഡ ബാറ്റിംഗ് പരിശീലനം നടത്താൻ ശ്രമിക്കുകയായിരുന്നു എന്നും ക്രിക്കറ്റ് അസോസിയേഷൻ വിശദീകരിച്ചു.