ഇടഞ്ഞു നിൽക്കുന്ന കെ. വി തോമസിനെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ ഇടപെടൽ. കെ. വി തോമസുമായി ഉമ്മൻചാണ്ടി ഫോണിൽ സംസാരിച്ചു. നാളെ ചേരുന്ന കെപിസിസി യോ​ഗത്തിൽ പങ്കെടുക്കാൻ നിർദേശിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ യോ​ഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കെ. വി തോമസ് മറുപടി നൽകി. കെ. വി തോമസ് നാളെ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള അനുനയ നീക്കം.

കെ. വി തോമസ് എൽഡിഎഫിലേക്കെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള അനുനയ നീക്കം നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി കെ. വി തോമസുമായി ഉമ്മൻചാണ്ടി ഫോണിൽ സംസാരിച്ചു. നാളത്തെ കെപിസിസി യോ​ഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കെ. വി തോമസ് അത് നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചത് മുതൽ കെ. വി തോമസ് ഇടഞ്ഞു നിൽക്കുകയാണ്. കെ. വി തോമസിന് മാന്യമായ പരി​ഗണന നൽകുമെന്ന് ഹൈക്കമാൻഡ‍് വ്യക്തമാക്കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കെ. വി തോമസിനെ എൽഡിഎഫിലേയ്ക്ക് സ്വാ​ഗതം ചെയ്ത് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയും രം​ഗത്തെത്തി. ഇതോടെയാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഇടപെടലുണ്ടായത്.