സിഎജി റിപ്പോർട്ടിനെതിരായ പ്രമേയം നിയമസഭയിൽ ശബ്ദ വോട്ടോടെ പാസായി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിലുള്ള പരാമർശങ്ങളിൽ പലതും വസ്തുതാവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് എതിയരമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

സർക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങൾ കേൾക്കാതെയുമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് കൃത്യമായ അറിവില്ലാതെ തയാറാക്കിയ റിപ്പോർട്ട് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണൽ സമീപനത്തിന്റേയും ലംഘനമാണ്. ചരിത്രത്തിൽ ആദ്യമായാണ് സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങൾ കേരള നിയമസഭ നിരാകരിക്കുന്നത്.

സിഎജി റിപ്പോർട്ടിലെ പേജ് 41 മുതൽ 43 വരെയുള്ള കിഫ് ബി സംബസിച്ച പരാമർശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയിൽ ഇതു സംബന്ധിച്ച രേഖപ്പെടുത്തലുകളും ഈ സഭ നിരാകരിക്കുന്നു

സർക്കാർ നീക്കം തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പാർലമെന്റ് പോലും ധൈര്യപ്പെടാത്ത കാര്യമാണിത്. സ്വേച്ഛാധിപത്യ നിലപാട് ഭരണഘടനാ സ്ഥാപനത്തിനു മേലുള്ള കടന്നുകയറ്റമാണ് സഭയുടെ പാരമ്പര്യം കാക്കണമെന്ന് വിഡി സതീശൻ എംഎൽഎ പറഞ്ഞു.

എതിർക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സർക്കാരിനെന്നും ആ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരായ പ്രമേയമെന്നും എം.കെ മുനീർ പറഞ്ഞു.

അതേസമയം, എംഎൽഎമാരായ വീണ ജോർജ്ജ്, ജയിംസ് മാത്യു, എം. സ്വരാജ്, ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങിയ ഭരണപക്ഷ എംഎൽഎമാർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു