രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചന കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കും. പ്രതികളുടെ കാര്യത്തില്‍, ഗവര്‍ണര്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഗവര്‍ണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

പ്രതികളെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഡി.എം.കെ ജില്ലാ സെക്രട്ടിമാരുടെ യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. ഏഴു പ്രതികളെയും മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഗവര്‍ണറുടെ തീരുമാനം എതിരാകുകയാണ് എങ്കില്‍ ഡി.എം.കെ തന്നെ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയേക്കും.

രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചിട്ടുള്ളത്. 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാജീവ് ഗാന്ധി ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.