ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി പുതിയൊരു താരത്തെ ക്ലബ്ബിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. താരലേലത്തിന് മുന്നോടിയായ താരങ്ങളെ ഒഴിവാക്കിയപ്പോഴും രാജസ്ഥാന്‍ ടീമിനൊപ്പം നിലനിര്‍ത്തിയ ഉത്തപ്പയെ പ്രതിഫലമായി പണം മാത്രം നല്‍കിയാണ് ചെന്നൈ ടീമിലെത്തിച്ചിരിക്കുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷെയ്ന്‍ വാട്സന്റെ പകരക്കാരനായിട്ടായിരിക്കും ചെന്നൈയുടെ പ്ലെയിങ് ഇലവനില്‍ ഉത്തപ്പയെത്തുക.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഡിപ്പാര്‍ട്മെന്റാണ് ബാറ്റിങ്. അതുകൊണ്ട് തന്നെ ഇത്തവണ അതിന് പരിഹാരം കണ്ടെത്തി ശക്തമായി തിരിച്ചു വരേണ്ടതുണ്ട്. ഷെയ്ന്‍ വാട്സണും മുരളി വിജയിയയും പോയതോടെ ബാറ്റിങ് ലൈന്‍ അപ്പില്‍ റോബിന്‍ ഉത്തപ്പയെത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫാഫ് ഡുപ്ലെസിസ്, അമ്ബാട്ടി റയ്ഡു, റുഥുരാജ് ഗയ്ക്വാദ് എന്നിവരാണ് ടീമിലെ അവശേഷിക്കുന്ന ഓപ്പണര്‍മാര്‍. അത്യവശ്യ ഘട്ടങ്ങളില്‍ സാം കറണും ഓപ്പണറുടെ റോളില്‍ എത്താറുണ്ട്. റയ്ഡു മൂന്നാം നമ്ബരില്‍ തിളങ്ങുന്ന താരമാണ്. മധ്യനിരയില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിക്കുന്ന റുഥുരാജും മാറി നിന്നാല്‍ ഓപ്പണറായി ഉത്തപ്പയെ തന്നെ പ്രതീക്ഷിക്കാം.

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണ് ഉത്തപ്പ. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പൂനെ വാരിയേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ച ശേഷമാണ് ഉത്തപ്പ കഴിഞ്ഞ സീസണില്‍ മൂന്ന് കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തുന്നത്. 189 മത്സരങ്ങളില്‍ നിന്ന് 4607 റണ്‍സാണ് ഇതുവരെയുള്ള താരത്തിന്റെ സമ്ബാദ്യം. ഇതില്‍ 24 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 2014 സീസണില്‍ 660 റണ്‍സുമായി കൊല്‍ക്കത്തയ്ക്ക് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു അതേ സീസണില്‍ റണ്‍വേട്ടക്കാരിലും ഒന്നാമത്.

കഴിഞ്ഞ ഐപിഎല്ലില്‍ കാര്യമായ പ്രകടനം പുറത്തെടുത്തില്ലെങ്കിലും അത്യവശ്യ ഘട്ടങ്ങളില്‍ രാജസ്ഥാന്‍ സ്കോര്‍ബോര്‍ഡില്‍ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് താരം. സയ്ദ് മുഷ്തഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ സെഞ്ചുറിക്ക് 9 റണ്‍സകലെയാണ് താരം പുറത്തായത്. എട്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്സ്. കേരളത്തിന് വിജയമുറപ്പിച്ച ശേഷമാണ് താരം കൂടാരം കയറിയത്.