ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് കാണും. ലഫ്. ഗവര്‍ണറായ കിരണ്‍ ബേദി പുതുച്ചേരിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദൈനംദിന ഭരണത്തില്‍ ഇടപെടുകയാണെന്നും മുഖ്യമന്ത്രി നാരായണസാമി ആരോപിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രപതിയെ കാണാനുള്ള നീക്കം.

ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളോട് നിഷേധാത്മക മനോഭാവം പുലര്‍ത്തുന്ന കിരണ്‍ ബേദിക്കെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡെമോക്രാറ്റിക് സെക്കുലര്‍ നേതാക്കള്‍ അടുത്തിടെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സൗജന്യ അരി വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉള്‍പ്പെടെ കിരണ്‍ ബേദിയുടെ നിഷേധാത്മക നിലപാടിനെതിരേ നേരത്തെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.