കോൺഗ്രസ് തെരഞ്ഞെടുപ്പു തന്ത്രങ്ങളാവിഷ്ക്കരിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കേരളത്തിലെത്തും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ നേതൃത്വത്തിൽ മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലേറോ, മുൻ കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരുൾപ്പെട്ട സംഘമാണ് കേരളത്തിലെത്തുന്നത്.

വൈകിട്ട് യുഡിഎഫ് നേതാക്കളുമായി സംഘം ചർച്ച നടത്തും. നാളെ നടക്കുന്ന കെപിസിസി ഭാരവാഹി യോഗത്തിലും ഇവർ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയുടെ ചുമതലയിൽ പുതുതായി നിയോഗിച്ച പ്രചാരണ സമിതിയുടെ ആദ്യ യോഗവും നാളെ ചേർന്നേക്കും.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിൻ്റെ ചുമതലയുള്ള താരിഖ് അൻവറും യോഗങ്ങളിൽ പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച റിപ്പോർട്ട്  ഹൈക്കമാൻഡിന് നൽകുക എന്നതും കേരള നേതാക്കളുമായുള്ള  കൂടിക്കാഴ്ചകളിലൂടെ പ്രത്യേക സംഘം ലക്ഷ്യമിടുന്നുണ്ട്.