റിപ്പബ്ലിക് ദിനം അടുത്തിരിക്കെ, കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചർച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡൽഹി വിഗ്യാൻ ഭവനിലാണ് നിർണായക ചർച്ച. കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ രാത്രി കർഷക സംഘടനകൾ തള്ളിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയ്ക്കുള്ളിൽ തന്നെ ട്രാക്ടർ പരേഡ് നടത്തുമെന്നും വ്യക്തമാക്കി. അതേസമയം, ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം അൻപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു.

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം. ഡൽഹിയിലെ ഔട്ടർ റിങ് റോഡിൽ ട്രാക്ടർ പരേഡ് നടത്തുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ. പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ സംഘടനകൾ തള്ളിയത് സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്. 143 പ്രക്ഷോഭകരുടെ ജീവത്യാഗം പാഴാകാൻ അനുവദിക്കില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരും. പ്രക്ഷോഭത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നും രാജ്യവ്യാപക പ്രക്ഷോഭമായി ശക്തി പ്രാപിക്കുന്നുവെന്നുമാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം.

കർഷക സംഘടനകൾ നിലപാട് വ്യക്തമാക്കിയതോടെ ഇന്നലെ രാത്രി കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ഡൽഹിയിലെ ഔട്ടർ റിംഗ് റോഡിൽ ട്രാക്ടർ പരേഡിന് അനുമതി നൽകണമെന്ന കർഷക സംഘടനകളുടെ ആവശ്യത്തിൽ ഡൽഹി പൊലീസും കർഷക നേതാക്കളും തമ്മിൽ ഇന്നും ചർച്ച തുടരും.