കണ്ണൂർ ജില്ലയിൽ വ്യാപകമായി വ്യാജ ലോട്ടറികൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. ചില്ലറ വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റുകൾ മൊത്തമായി വാങ്ങിയ ശേഷം സമ്മാനർഹമായ ടിക്കറ്റ് കളർ പ്രിന്റ് ചെയ്ത് വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്.

സാധാരണക്കാരായ ചില്ലറ ലോട്ടറി വിൽപ്പനക്കാരാണ് തട്ടിപ്പിനിരയാകുന്നവരിൽ അധികവും. നടന്ന് വിൽപ്പന നടത്തുന്ന ഇവരിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ മുഴുവനായി വാങ്ങിയ ശേഷമാണ് തട്ടിപ്പ്. സമ്മാനർഹമായ ടിക്കറ്റുകളുടെ കളർ പ്രിൻ്റുകൾ നൽകി സമ്മാനത്തുക വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ പതിവ്. സ്റ്റാളുകളിൽ എത്തി ബാർകോഡ് സ്കാൻ ചെയ്യുമ്പോഴാകും വിൽപ്പനക്കാർ തട്ടിപ്പ് മനസിലാക്കുന്നത്. തളിപ്പറമ്പ്, ചപ്പാരപ്പടവ് തുടങ്ങിയ മേഖലകളിൽ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പിനിരയായി. ലോട്ടറി വിൽപ്പനയിലൂടെ മാത്രം ഉപജീവനം നടത്തുന്നവരെ പ്രതിസന്ധിയിലാക്കുകയാണ് ഇത്തരം തട്ടിപ്പുകൾ.

യഥാർത്ഥ ടിക്കറ്റാണോ എന്ന് ചില്ലറ വിൽപ്പനക്കാർക്ക് കണ്ടെത്താൻ കഴിയാത്തതാണ് തട്ടിപ്പിനിരയാകാൻ കാരണം. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് വിൽപ്പനക്കാർ.