സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ തള്ളി. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെയാണ് വോട്ടിംഗ് ഇല്ലാതെ പ്രമേയം തള്ളിയത്. സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.

പ്രമേയം ചര്‍ച്ച ചെയ്തതില്‍ അഭിമാനമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി. വേണമെങ്കില്‍ ചര്‍ച്ച ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളിലെ കഥകളോട് പ്രതികരിക്കാനില്ല. കെഎസ് യു നേതാവിനെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയില്‍ പ്രതിപക്ഷം പ്രതികരിക്കുന്നു. സര്‍ക്കാരിനെ അടിക്കാന്‍ കഴിയാത്തതിനാല്‍ സ്പീക്കര്‍ക്ക് എതിരെ തിരിയുന്നു. സ്പീക്കറുടെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളമായി. നോട്ടിസിന് പിന്നാലെ എം ഉമ്മറിന് സീറ്റ് പോയെന്നും സ്പീക്കര്‍.

നിയമസഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ കോലം കത്തിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ജലപീരങ്കി പ്രയോഗിച്ചു.

അതേസമയം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. പൊന്നാനി സ്വദേശിയായ നാസ് അബ്ദുള്ള സ്പീക്കര്‍ക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയിരുന്നു. സ്വന്തം പേരിലെടുത്ത സിം കാര്‍ഡാണ് നാസ് അബ്ദുള്ള സ്പീക്കര്‍ക്ക് കൈമാറിയത്.