സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചില ആലോചനകളുടെ ഭാഗമാണ്. കസ്റ്റംസിനും രമേശ് ചെന്നിത്തലയ്ക്കും ഒ രാജഗോപാലിനും ഒരേ സ്വരമാണുള്ളത്. പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് വെളിവാകുന്നതെന്നും മുഖ്യമന്ത്രി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ള പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് നടന്നപ്പോള്‍ ആരാണ് ഉത്തരവാദികളെന്ന് ഫലപ്രദമായി അന്വേഷിച്ച് കണ്ടെത്തണമെന്ന നിലപാടാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ അന്വേഷണം ലൈഫ് പദ്ധതിയെ കുറിച്ചായെന്നും മുഖ്യമന്ത്രി.

അതേസമയം പി ശ്രീരാമകൃഷ്ണന്‍ ചെയറില്‍ ഇരിക്കാന്‍ യോഗ്യനാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സ്പീക്കറുടെ കസേര എടുത്തെറിഞ്ഞയാള്‍ ആ കസേരയില്‍ ഇരിക്കുന്നു. സ്പീക്കര്‍ സഭയുടെ അന്തസ് ഇടിച്ച് താഴ്ത്തി. കസേരയില്‍ ഇരിക്കാനുള്ള ധാര്‍മിക അവകാശം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല.

വാര്‍ത്തകള്‍ക്ക് എതിരെ എന്തുകൊണ്ട് സ്പീക്കര്‍ മാനനഷ്ട കേസ് നല്‍കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ചോദിച്ചു. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ സ്റ്റാഫിനെ പോലും അയക്കാന്‍ ഭയക്കുന്നു. ലോകബാങ്ക് നല്‍കിയ പ്രളയ സഹായത്തില്‍ നിന്ന് നിയമസഭാ ഹാള്‍ മോടി പിടിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികള്‍ കുരിശിലേറ്റാന്‍ വൃഥാ ശ്രമിക്കുന്നുവെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. കെ ടി ജലീലിനെ ക്രൂശിക്കാന്‍ ശ്രമിച്ചിട്ട് എന്തായെന്ന് എം സ്വരാജ് ചോദിച്ചു. രാഷ്ട്രീയ ധാര്‍മികത തൊട്ടുതീണ്ടാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും എം സ്വരാജ്.