തിരുവനന്തപുരം: പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തനിക്കെതിരെയുള്ളത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും, തെറ്റ് ചെയ്തിട്ടില്ലെന്നും, അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘സ്പീക്കര്‍ക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ല. അതിനാല്‍ സ്വപ്നയെ പറ്റി അറിയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് സൗഹൃദപരമായിട്ടാണ് പെരുമാറിയത്. അതിനെ ദുര്‍വ്യാഖ്യാനിക്കേണ്ട കാര്യമില്ല.’-സ്പീക്കര്‍ പറഞ്ഞു.വിയോജിപ്പുകള്‍ക്ക് അവസരം ഒരുക്കലാണ് ജനാധിപത്യത്തിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് അംഗം എം ഉമ്മര്‍ നല്‍കിയ പ്രമേയ നോട്ടീസ് ഇന്ന് രാവിലെ പത്തിന് നിയമസഭ ചര്‍ച്ച ചെയ്യും. രണ്ട് മണിക്കൂര്‍ സമയമാണ് ചര്‍ച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ചര്‍ച്ച നടക്കുന്ന വേളയില്‍ സ്പീക്കര്‍ ഡയസിന് വെളിയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റില്‍ ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കര്‍ ആകും ചര്‍ച്ചാവേളയില്‍ സഭ നിയന്ത്രിക്കുക. 2005 ന് ശേഷം ഇതാദ്യമായാണ് ഒരു സ്പീക്കര്‍ക്കെതിരായ പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നത്.