കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്തിനായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കാൻ സിൻഡിക്കേറ്റിൻ്റെ തീരുമാനം. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസിൽ 16 കോടിയോളം രൂപ അധികമായി നൽകേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് ഭരണസമിതി ഭൂ ഉടമകൾക്ക് വേണ്ടി ഒത്തുകളിച്ചെന്നാണ് പരാതി.

2009 ലാണ് സർവ്വകലാശാലാ ആസ്ഥാനത്തിനായി കണ്ണൂർ നഗരത്തിലെ താവക്കരയിൽ 13.74 ഏക്കർ ഭൂമി ഏറ്റെടുത്തത്. കൂടുതലും ചതുപ്പ് നിലമായിരുന്നു. കരഭൂമിക്ക് 36,000 രൂപയും വെള്ളക്കെട്ടിന് 18,000 രൂപയുമാണ് സെൻ്റിന് നിശ്ചയിച്ചത്. തുക വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭൂ ഉടമകൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി തുക വർധിപ്പിച്ചു. സ്ഥലമുടമകളുടെ അപ്പീലിൽ ഹൈക്കോടതി നഷ്ടപരിഹാര തുക വീണ്ടും വർധിപ്പിച്ചു. കരഭൂമിക്ക് 1.04 ലക്ഷം രൂപയും ചതുപ്പ് നിലത്തിന് 55000 രൂപയുമാണ് നിശ്ചയിച്ചത്. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് വന്ന ഭരണ സമിതിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ചതിനെ തുടർന്നാണ് അധിക ബാധ്യതയുണ്ടായതെന്നാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ കണ്ടെത്തൽ. മണ്ണിട്ട് നികത്തിയ കാര്യം കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചില്ലെന്നും സർകലാശാലയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ ഗവ. പ്ലീഡർ ഹർജിക്കാർക്ക് വേണ്ടി ഒത്തുകളിച്ചെന്നുമാണ് ആരോപണം.

16 കോടി രൂപയോളം സർവ്വകലാശാല സ്ഥലമുടമകൾക്ക് അധികമായി നൽകണം. തുക ഈടാക്കാനായി കണ്ണൂർ ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനമടക്കം ജപ്തി ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ് തലശ്ശേരി സബ് കോടതി. ഇതിന് പിന്നാലെയാണ് ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കാൻ നിലവിലെ ഭരണസമിതി തീരുമാനിച്ചത്.