ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്യാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ. പ്രധാനമന്ത്രിയുടെ സമയത്തിനായി സംസ്ഥാനം അയച്ച കത്തിനുള്ള മറുപടി വൈകുന്നതിനെ തുടർന്നാണ് തീരുമാനം. അതേ സമയം നിർമാണം പൂർത്തിയായ ബൈപാസിലെ പാലത്തിൽ ഭാരപരിശോധന പൂർത്തിയായി.

നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും പ്രധാന മന്ത്രിക്ക് വേണ്ടിയുളള കാത്തിരിപ്പിനാലാണ് ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം നീളുന്നത്. ബൈപാസിന്റെ ഉദ്ഘാടനത്തിന് എത്താൻ പ്രധാനമന്ത്രി താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഔദ്യോഗികമായി ക്ഷണിച്ച് മുഖ്യമന്ത്രി കത്തയച്ചത്. എന്നാൽ, ഈ കത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ മറുപടി നൽകിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ പെരുമാറ്റചട്ടം ഏതുസമയവും നിലവിൽ വരുമെന്നതിനാൽ പ്രധാനമന്ത്രിയെ കാക്കാതെ ഫെബ്രുവരി അഞ്ചിന് മുമ്പായി ഉദ്ഘാടനം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി പാലത്തിന്റെ ഭാരപരിശോധന പൂർത്തിയായി. പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർമാരുടെ മൂന്നംഗ വിദഗ്ധ സംഘം ബൈപാസിൽ പരിശോധന നടത്തിയത്.

ഭാരപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം ഉദ്ഘാടന തിയ്യതി പ്രഖ്യാപിക്കാനാണ് സർക്കാർ നീക്കം. ദേശീയപാത വിഭാഗം ചീഫ് എഞ്ചിനിയർമാരുടെ മൂന്നംഗ വിദഗ്ധ സംഘത്തിന് പുറമേ ചെന്നൈ ഐ ഐ ടി യിൽ നിന്നുള്ള വിദഗ്ധ സംഘവും ഭാരപരിശോധന നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കും.