തിരുവനന്തപുരം : എക്കാലവും കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിനൊപ്പം നിന്ന കലാകാരനെയാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരിയുടെ വേര്‍പാടിലൂടെ നഷ്‌ടമായത്‌ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ” മലയാള സിനിമാസ്വാദകരുടെ സ്‌നേഹഭാജനമായിരുന്നു ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി. അഭിനയ പാരമ്പര്യമൊന്നുമില്ലാത്ത പശ്‌ചാത്തലത്തില്‍നിന്ന്‌ യാദൃച്ഛികമായാണ്‌ അദ്ദേഹം സിനിമയിലെത്തിയത്‌. ‌ 76 വയസ്സിലാണ്‌ ആദ്യമായി ദേശാടനം എന്ന സിനിമയില്‍ അഭിനയിച്ചത്‌. ദേശാടനവും കല്യാണരാമനും അടക്കം മലയാളത്തിലും തമിഴിലുമായി ഇരുപതിലധികം സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തച്‌ഛനായി”.

”തമിഴില്‍ കമല്‍ഹാസനൊപ്പം പമ്മല്‍ കെ സംബന്ധം, മമ്മൂട്ടിക്കും അജിത്തിനുമൊപ്പം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. എക്കാലത്തും സിപിഐ എമ്മുമായി ആഴത്തിലുള്ള ബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളി സങ്കേതമായിരുന്നു”.

” എ കെ ജി അടക്കമുള്ള കമ്യൂണിസ്‌റ്റ്‌ നേതാക്കളുമായി അദ്ദേഹം ആത്മബന്ധം പുലര്‍ത്തിയിരുന്നു. സഖാക്കള്‍ ഒളിവില്‍ കഴിയുമ്പോള്‍ എതിരാളികളില്‍നിന്ന്‌ അവരെ സംരക്ഷിക്കാന്‍ സ്തുത്യര്‍ഹവും മാതൃകാപരവുമായ പ്രവര്‍ത്തനമാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി നടത്തിയത്‌. അന്ന് സ. എകെജി അയച്ച കത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സൂക്ഷിച്ചുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു” എന്ന് എ വിജയരാഘവന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.